
കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും വനിതാ യുട്യൂബർ റിൻസി മുംതാസും ആൺസുഹൃത്ത് യാസർ അറാഫത്തും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാക്കനാട്ടെ ഫ്ലാറ്റിൽ ഡാൻസാഫ് പരിശോധന നടത്തിയത് വാസ്തവത്തിൽ റിൻസിയെ ലക്ഷ്യമിട്ടായിരുന്നില്ല. റിൻസിയുടെ സുഹൃത്ത് യാസർ അറാഫത്തിനെ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയപ്പോൾ ഫ്ലാറ്റിൽ റിൻസിയുമുണ്ടായിരുന്നു. ഇതോടെയാണ് യുവതിയുടെ ഫോണും പൊലീസ് സംഘം പരിശോധിച്ചതും ലഹരി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതും.
മലയാള സിനിമാ മേഖലയിൽ ലഹരി വിതരണം ചെയ്തിരുന്നത് റിൻസി മുംതാസാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിനിമാ മേഖലയിൽ ഡ്രഗ് ലേഡി എന്ന വിളിപ്പേരിലാണ് യുവതി അറിയപ്പെട്ടിരുന്നത്.സിനിമാ താരങ്ങളും അണിയറപ്രവർത്തകരുമായുള്ള നിരന്തരം ഫോൺ സംഭാഷങ്ങളുടെ വിവരങ്ങൾ പോലീസിന് ലഭിച്ചു. പല പ്രമുഖ സിനിമാ പ്രവർത്തകരുമായും റിൻസി അടുത്ത ബന്ധം പുലർത്തിയിരുന്നതായാണ് സൂചന.
സോഷ്യൽ മീഡിയയിൽ സജീവമായ റിൻസി അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടേയും പ്രമോഷനും മറ്റു പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നതും റിൻസി ആയിരുന്നു. ഇതിന്റെ മറവിലാണ് ആവശ്യക്കാർക്ക് ലഹരിമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ചേർന്നായിരുന്നു ലഹരി ഇടപാട്. പാലച്ചുവടിൽ റിൻസിയുടെ പേരിൽ വാടകയ്ക്കെടുത്ത ഫ്ലാറ്റിലായിരുന്നു ലഹരിവിൽപന. ഇവിടെ നിരന്തരം സന്ദർശകർ എത്തിയിരുന്നെന്ന വിവരത്തെത്തുടർന്നാണ് ഡാൻസാഫ് സംഘം പരിശോധിച്ചത്. കേരളത്തിൽ തന്നെയുള്ള ഒരാൾ എംഡിഎംഎ നൽകുന്നതായാണ് പ്രതികൾ നൽകിയ വിവരം. ഇയാളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സിറ്റി പോലീസ് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ 20.55 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. കോഴിക്കോട് ഫാറൂഖ് സ്വദേശിയാണ് റിൻസി മുംതാസ്. കല്ലായി കണ്ണഞ്ചേരി സ്വദേശിയാണ് യാസർ അറാഫത്ത്.











